തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിനുള്ള (ലോ ആൽക്കഹോൾ ബിവറേജസ്) നികുതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, 2017-ൽ പ്രമുഖ കമ്പനിയായ ബകാർഡി നടത്തിയ നീക്കങ്ങൾക്ക് തടസമിട്ടത് മുൻ എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗിന്റെ കർശന നിലപാടാണെന്ന് വ്യക്തമാക്കുന്ന പുതിയ വിവരങ്ങൾ പുറത്ത്. വീര്യം കുറഞ്ഞ മദ്യം വിപണിയിലിറക്കുന്നത് വലിയ അപകടമാണെന്ന് ചൂണ്ടിക്കാട്ടി ഋഷിരാജ് സിംഗ് നൽകിയ ഔദ്യോഗിക കത്താണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
2018 ഓഗസ്റ്റ് 13-ന് അന്നത്തെ നികുതി സെക്രട്ടറി ആശാ തോമസിന് എക്സൈസ് കമ്മീഷണർ അയച്ച കത്തിലാണ് ഈ മുന്നറിയിപ്പുകളുള്ളത്. വീര്യം കുറഞ്ഞ മദ്യം സ്കൂൾ കുട്ടികൾ ശീതളപാനീയം (സോഫ്റ്റ് ഡ്രിങ്ക്സ്) പോലെ ഉപയോഗിക്കാൻ വലിയ സാധ്യതയുണ്ട്. ഇത്തരം പാനീയങ്ങളുടെ ഉപയോഗം ഭാവിയിൽ വീര്യം കൂടിയ മദ്യത്തിലേക്ക് ആളുകളെ നയിക്കുന്ന ചവിട്ടുപടിയായി മാറും.
വീര്യം കുറവാണെങ്കിലും ഇത് മദ്യം തന്നെയാണ്. അതിനാൽ ഇത് സമൂഹത്തിൽ വലിയ ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും കത്തിൽ വ്യക്തമാക്കുന്നു.
2017-ൽ ബകാർഡി കമ്പനി അന്നത്തെ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടികൾ ആരംഭിച്ചത്. എക്സൈസ് വകുപ്പ് അനുമതി നൽകുകയാണെങ്കിൽ ബകാർഡി ബ്രീസർ വിൽക്കാൻ തങ്ങൾക്ക് യാതൊരു എതിർപ്പുമില്ലെന്ന് ബിവറേജസ് കോർപ്പറേഷൻ (ബെവ്കോ) സർക്കാരിനെ അറിയിച്ചിരുന്നു.
എക്സൈസ് കമ്മീഷണറുടെ കർശന നിലപാടിനെ മറികടക്കാൻ അഡിഷണൽ ചീഫ് സെക്രട്ടറി പിന്നീട് കത്തെഴുതുകയുണ്ടായി. ഇത്തരം പാനീയങ്ങൾ മദ്യാസക്തി ഉണ്ടാക്കുമെന്നതിന് യാതൊരു തെളിവുകളുമില്ലെന്നായിരുന്നു അഡിഷണൽ ചീഫ് സെക്രട്ടറിയുടെ വാദം. എന്നാൽ, ഋഷിരാജ് സിംഗ് തന്റെ നിലപാടിൽ ഉറച്ചുനിന്നതോടെ അന്ന് കമ്പനിയുടെ നീക്കങ്ങൾക്ക് തിരിച്ചടിയേൽക്കുകയായിരുന്നു.